Followers

Wednesday 9 May 2012

നല്ല ശീലം


നല്ല ശീലം

ദേവു ഒരു നല്ല കുട്ടിയാണ്. അച്ചനമ്മമാർ അവളെ പല നല്ല ശീലങ്ങളും പഠിപ്പിച്ചിട്ടുണ്ട്. ദിനചര്യകൾ കൃത്യമായി ചെയ്യുക, സ്വന്തം വസ്തുവകകളൊക്കെ അടുക്കും ചിട്ടയുമായി  വയ്ക്കുക,  അച്ഛനമ്മമാരോടും മുതിർന്നവരോടുമെല്ലാം  നന്നായി പെരുമാറുക, വീട്ടിലാരെങ്കിലും വന്നാൽ ടി.വി. ഓഫു ചെയ്ത് അവരോട് കുശലം ചോദിക്കുക ..  ഇങ്ങനെ നീളുന്നു നല്ല ശീലങ്ങളുടെ പട്ടിക. നല്ല കുട്ടിയായിരിക്കാൻ അവൾ എപ്പോഴും ശ്രദ്ധിച്ചിരുന്നു.
ഒരു ദിവസം ദേവുവിന്റെ വീട്ടുമുറ്റത്തും പോർച്ചിലുമായി  കുട്ടികൾ കളിച്ചു തിമിർക്കുകയായിരുന്നു. അയൽപക്കങ്ങളിലെ കുട്ടികളാണധികവും. കളി നടക്കുന്നത് ദേവുവിന്റെ വീട്ടിലായതിനാൽ ദേവുവിനിത്തിരി തിണ്ണമിടുക്ക് കൂടുമല്ലോ? കളിയുടെ നിയമങ്ങൾ പറയുന്നതും തർക്കമുണ്ടായാൽ തീരുമാനം പറയുന്നതുമൊക്കെ ദേവു തന്നെ.
സമയം വൈകുന്നേരം. ഓഫീസ് വിട്ട് അച്ഛൻ ഗേറ്റു കടന്നെത്തുമ്പോൾ ദേവു ധൃതിയിൽ എല്ലാവരെയും തള്ളിമാറ്റിക്കൊണ്ട് പോർച്ചിലെ സിമൻറ് ബഞ്ചിലേയ്ക്ക് കുതിച്ചു. 
 എല്ലാവരും ഒന്നു മാറിക്കേ! ഞാനോന്നിരിക്കട്ടെ!  അച്ഛൻ വരുമ്പം എഴുന്നേല്ക്കാനാ.

                   ഃഃഃഃഃഃഃഃഃഃഃഃഃ

ഒരു വലിയ പ്രശ്നം

ദേവു തന്നെയാണു കഥാപാത്രം. വയസ്സു മൂന്നര കഴിഞ്ഞിട്ടേയുള്ളു. ഭാഷയുടെ പ്രയോഗസാധ്യതകൾ പരീക്ഷിക്കുന്ന പ്രായം.
മറ്റുള്ളവർ പറഞ്ഞുകേട്ട ചില ഭാഷാപ്രയോഗങ്ങൾ കുട്ടികൾ മനസ്സിൽ സൂക്ഷിച്ചു വച്ചിട്ടുണ്ടാവുമല്ലോ?  ഉചിതമായ സന്ദർഭം വരുമ്പോൾ  എടുത്ത് പ്രയോഗിക്കാൻ.
നേഴ്സറിപ്രായമായിട്ടില്ലെങ്കിലും നേരംപോക്കിന് ദേവു തൊട്ടടുത്തുള്ള സ്കൂളിൽ പോകുന്നുണ്ട്. ക്ലാസ്സിൽ പ്രായക്കറവ് അവൾക്കാണെങ്കിലും വാചകമടി  ഇത്തിരി കൂടുതലാണെന്നാണ് ടീച്ചർ പറയുന്നത്. ചില കുട്ടികളിൽ ഭാഷാവികാസത്തിന് സ്പീഡു കൂടുമല്ലോ?
നേഴ്സറിയിൽ നിന്ന് വന്നാൽപ്പിന്നെ അവിടുത്തെ വിശേഷങ്ങൾ വർണിക്കുക ദേവുവിൻറെ  പതിവാണ്. വീട്ടിലെത്തുന്നതിനു മുന്പുതന്നെ തുടങ്ങും വിസ്താരം. അന്നു നേഴ്സറിയിൽ പതിവില്ലാതെയുള്ള എന്തോക്കെയോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാവണം. അവളുടെ വരവും ഭാവവുമൊക്കെ കണ്ടപ്പോൾത്തന്നെ ഞാൻ ഊഹിച്ചു.  ഗേറ്റ് കടന്ന് മുറ്റത്തെത്തുന്നതിനു മുന്പു തന്നെ  അവൾ സിറ്റൗട്ടിലിരുന്ന എന്നോട്  പറഞ്ഞു.
ഇന്നു നേഴ്സറിയിൽ ആകെ പ്രശ്നമായിരുന്നു”
വല്യ പ്രശ്നമൊന്നുമായിരിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. എങ്കിലും അദ്ഭുതം ഭാവിച്ച് അവൾ പറയുന്നത് ഞാൻ ശ്രദ്ധിച്ചു. എൻറെ ഊഹം തെറ്റിയില്ല. രാഘുൽ ക്ലാസ്സിൽ അപ്പിയിട്ടതായിരുന്നു കേസ്. കഴുകിയാൽ തീരുന്ന പ്രശ്നം.
ആർജ്ജിച്ച ഭാഷ ഉചിതമായ സന്ദർഭങ്ങളിൽ പ്രയോഗിക്കുന്നു എന്നതിന് ഉദാഹരണമായി ഞാനിത് അദ്ധ്യാപകപരിശീലന ക്ലാസിൽ പറയാറുണ്ട്. ഇന്നു നേഴ്സറിയിൽ ആകെ പ്രശ്നമായിരുന്നു”


    ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ     



No comments:

Post a Comment